മലപ്പുറം: ജില്ലയിൽ 2021 മുതൽ വിവിധ വിഭാഗങ്ങളിലായി 42,141 പട്ടയങ്ങൾ വിതരണം ചെയ്തതായി മന്ത്രി എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല റവന്യൂ വകുപ്പ് അവലോകന യോഗത്തിൽ അറിയിച്ചു.
നിലവിൽ 17,608 പട്ടയങ്ങൾ വിതരണം ചെയ്യാനുണ്ട്. ഇവയിൽ 2,057 പട്ടയങ്ങൾ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഫിഷറീസ് വകുപ്പിന്റെ എൻഒസി ലഭിക്കാത്തത്, അപേക്ഷകർ ആവശ്യമായ രേഖകൾ ഹാജരാക്കാത്തത്, ഹിയറിംഗിൽ പങ്കെടുക്കാത്തത് തുടങ്ങിയ കാരണങ്ങളാലാണ് ഭൂരിഭാഗം അപേക്ഷകളും തീർപ്പാകാതെ തുടരുന്നത്. പ്രത്യേകിച്ച് എൽഎ പട്ടയങ്ങൾ ഫിഷറീസ് എൻഒസി ലഭിക്കാത്തതിനാലും എൽടി പട്ടയങ്ങളിലും ദേവസ്വം പട്ടയങ്ങളിലും അപേക്ഷകരുടെ രേഖകളിലെ അപാകതകളാലുമാണ് കാലതാമസം നേരിടുന്നത്.
ജില്ലയിലെ തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളിലായി ലക്ഷംവീട് പദ്ധതിയിൽ ഉൾപ്പെട്ട 24 പട്ടയങ്ങൾ വിതരണം ചെയ്യാനുണ്ട്. പതിവ് കമ്മിറ്റി ചേരൽ, സർവേ പൂർത്തീകരിക്കൽ, എൻഒസി ലഭ്യമാക്കൽ തുടങ്ങിയ നടപടികൾ പൂർത്തിയാകുന്നതോടെ ഇവയും വിതരണം ചെയ്യും.